ഇന്ത്യയിൽ അഭയം തേടിയതിന് ശേഷം ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ ഷെയ്ഖ് ഹസീന; ബംഗ്ലാദേശിലേക്കുള്ള മടങ്ങിവരവ് പ്രഖ്യാപിച്ചേക്കും.

എഴുതിയത്: അകം ന്യൂസ് ഡെസ്ക്
ഇന്ത്യയിൽ അഭയം തേടിയതിന് ശേഷം ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ ഷെയ്ഖ് ഹസീന; ബംഗ്ലാദേശിലേക്കുള്ള മടങ്ങിവരവ് പ്രഖ്യാപിച്ചേക്കും.

ന്യൂഡൽഹി: ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആദ്യമായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നു. ബുധനാഴ്ച വൈകിട്ട് ആറിന് ഡൽഹിയിൽ നടക്കുന്ന പരിപാടിയിലൂടെയാണ് ഹസീന മാധ്യമങ്ങൾക്ക് മുന്നിലെത്തുക.

ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബ് സംഘടിപ്പിക്കുന്ന പരിപാടിയിൽ ഓൺലൈനായാകും ഹസീന പങ്കെടുക്കുക. സുരക്ഷാ കാരണങ്ങളാലാണ് ഓൺലൈൻ സംവിധാനത്തിലൂടെ മാധ്യമങ്ങളെ കാണുന്നതെന്നാണ് റിപ്പോർട്ട്.

ഇന്ത്യയിൽ അഭയം തേടിയ ശേഷം ആദ്യമായാണ് ഷെയ്ഖ് ഹസീന ഇത്തരത്തിൽ മാധ്യമങ്ങളോട് സംസാരിക്കുന്നത്. ബംഗ്ലാദേശിലേക്കുള്ള തന്റെ മടങ്ങിവരവ് സംബന്ധിച്ച നിർണായക പ്രഖ്യാപനം ഹസീന നടത്തിയേക്കുമെന്നാണ് സൂചന.

നിയമനടപടികളും നിർണായകം

ബംഗ്ലാദേശിലെ രാഷ്ട്രീയ കലാപങ്ങൾക്ക് പിന്നാലെ ഷെയ്ഖ് ഹസീനയ്‌ക്കെതിരെ അവിടുത്തെ ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ നടപടികൾ സ്വീകരിച്ചിരുന്നു. ഹസീനയെ ബംഗ്ലാദേശിന് കൈമാറണമെന്ന ആവശ്യവും ബംഗ്ലാദേശ് ഇന്ത്യയ്ക്ക് മുന്നിൽ ഉന്നയിച്ചിട്ടുണ്ട്.

എന്നാൽ ഹസീനയെ കൈമാറുന്ന കാര്യത്തിൽ ഇന്ത്യ ഇതുവരെ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. വിഷയത്തിൽ നിയമപരമായ പരിശോധനകൾ തുടരുകയാണെന്നാണ് ഇന്ത്യൻ അധികൃതരുടെ നിലപാട്.

അതേസമയം, ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തുമെന്നും അവിടെ നിയമനടപടികൾ നേരിടാൻ തയ്യാറാണെന്നും ഹസീന നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിലും അവർ ഇക്കാര്യം ആവർത്തിച്ചിരുന്നു.