തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി 100 ദിവസം പിന്നിടുമ്പോൾ ഭരണനേട്ടങ്ങൾക്കൊപ്പം വിവാദങ്ങളും ആരോപണങ്ങളും സർക്കാരിന്റെ ആദ്യഘട്ട പ്രവർത്തനങ്ങളുടെ വിലയിരുത്തലിൽ പ്രധാന ചർച്ചയാകുന്നു. ഓണക്കാലത്തെ വിപണി ഇടപെടൽ, ക്ഷേമപെൻഷൻ മുടക്കം ഒഴിവാക്കൽ, സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാൻ തുടങ്ങിയ നടപടികൾ സർക്കാർ നേട്ടങ്ങളായി ഉയർത്തിക്കാട്ടുമ്പോൾ, ഹെലികോപ്റ്റർ യാത്ര, ബന്ധുനിയമനം, നിയമനങ്ങളിലെ കാലതാമസം തുടങ്ങിയ വിഷയങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കി.
ഹെലികോപ്റ്റർ യാത്ര വിവാദം
സർക്കാരിന്റെ ആദ്യ 100 ദിവസത്തിനിടെ ഏറ്റവും കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ച വിഷയങ്ങളിലൊന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്ര.
നിക്ഷേപക സംഘവുമായി കൂടിക്കാഴ്ച നടത്തുന്നതിനായാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നും, നേരത്തെ കൂടിക്കാഴ്ച നടത്തണമെന്ന് സംഘം ആവശ്യപ്പെട്ടതിനെ തുടർന്നാണ് യാത്ര നടത്തിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. യാത്ര നടത്തിയാലും ഇല്ലെങ്കിലും ഹെലികോപ്റ്റർ കരാറിന്റെ ഭാഗമായി സർക്കാർ തുക നൽകേണ്ട സാഹചര്യമുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാൽ നിക്ഷേപക സംഘത്തിന്റെ പേര് വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറാകാതിരുന്നത് പ്രതിപക്ഷ-മാധ്യമ വിമർശനത്തിന് ഇടയാക്കി. സ്വകാര്യ ആവശ്യത്തിനാണോ ഔദ്യോഗിക ആവശ്യത്തിനാണോ യാത്ര നടത്തിയതെന്നതിനെ ചൊല്ലിയായിരുന്നു പ്രധാന രാഷ്ട്രീയ തർക്കം. മുഖ്യമന്ത്രി യാത്ര ഔദ്യോഗിക ആവശ്യത്തിനായിരുന്നുവെന്ന് ആവർത്തിച്ച് വ്യക്തമാക്കി.
പഴ്സനൽ സ്റ്റാഫിലെ ബന്ധുനിയമനം
വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററികാര്യ മന്ത്രി സണ്ണി ജോസഫിന്റെ പഴ്സനൽ സ്റ്റാഫിലേക്ക് അദ്ദേഹത്തിന്റെ ബന്ധുവിനെ നിയമിച്ചെന്ന ആരോപണവും സർക്കാരിനെ പ്രതിരോധത്തിലാക്കി.
സണ്ണി ജോസഫിന്റെ പഴ്സനൽ സ്റ്റാഫിൽ സഹോദരീഭർത്താവായ ബെന്നി തോമസിനെ നിയമിച്ചതാണ് വിവാദമായത്. വിവാദം ശക്തമായതിനെ തുടർന്ന് ബെന്നി തോമസ് പിന്നീട് രാജിവച്ചതായും റിപ്പോർട്ടുകളുണ്ട്.
യുഡിഎഫ് മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ തന്നെ ശുപാർശകളും രാഷ്ട്രീയ പരിഗണനകളും ചർച്ചയായിരുന്നു. സണ്ണി ജോസഫിന്റെ ഓഫീസിൽ രണ്ട് അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാർ ഉൾപ്പെടെ 13 പേരെ നിയമിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഈ വിവാദം സർക്കാർ അധികാരത്തിലെത്തി അധികം വൈകാതെ തന്നെ ബന്ധുനിയമനം സംബന്ധിച്ച രാഷ്ട്രീയ ചർച്ചയ്ക്ക് വഴിയൊരുക്കി.
നിയമനങ്ങളിലെ കാലതാമസവും രാഷ്ട്രീയ സമ്മർദവും
പുതിയ മന്ത്രിസഭയിലെ പല മന്ത്രിമാരുടെയും പഴ്സനൽ സ്റ്റാഫ് നിയമനം പൂർത്തിയാക്കാൻ തുടക്കത്തിൽ കഴിഞ്ഞിരുന്നില്ല. വിവിധ ശുപാർശകളും നിയമിക്കപ്പെടുന്നവരുടെ രാഷ്ട്രീയ പശ്ചാത്തലം സംബന്ധിച്ച പരിശോധനകളും നിയമന നടപടികൾ വൈകുന്നതിന് കാരണമായതായി റിപ്പോർട്ടുകൾ പറയുന്നു.
പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യുഡിഎഫ് സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. അതുകൊണ്ടുതന്നെ മന്ത്രിമാരുടെ ഓഫീസുകളിലേക്ക് അനുയോജ്യരായ ജീവനക്കാരെ കണ്ടെത്തുന്നതിലും രാഷ്ട്രീയ താൽപര്യങ്ങൾ തമ്മിൽ സമതുലനം കണ്ടെത്തുന്നതിലും സമ്മർദമുണ്ടായിരുന്നുവെന്നാണ് വിലയിരുത്തൽ.
സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടൽ
മുഖ്യമന്ത്രിക്ക് എതിരെ വിമർശനമുന്നയിച്ച് ഇട്ട സോഷ്യൽ മീഡിയ പോസ്റ്റുകൾ മുഖ്യമന്ത്രി ഇടപെട്ട് നീക്കം ചെയ്ച്ചു എന്ന ആരോപണംവാദ പ്രതിപാദങ്ങൾക്കും വിവാദങ്ങൾക്കും വഴി തുറന്നു. എന്നാൽ താൻ അതിനായി ഇടപെട്ടിട്ടില്ലെന്നും അത് സോഷ്യൽ മീഡിയ കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ച്ചയാണെന്നും മുഖ്യമന്ത്രി ആവർത്തിച്ചതും ഈ നൂറ് ദിനം പിന്നിടുമ്പോൾ ചർച്ചകളിൽ ഇടം നേടിയും എടുത്ത് പറയേണ്ടതാണ്.
ഭരണനേട്ടങ്ങൾക്കൊപ്പം ഉയരുന്ന ചോദ്യങ്ങൾ
ആദ്യ 100 ദിവസത്തെ വിലയിരുത്തലിൽ സർക്കാർ ചൂണ്ടിക്കാട്ടുന്ന നേട്ടങ്ങൾ നിരവധിയാണ്. ഓണക്കാലത്ത് വിപണിയിൽ നടത്തിയ ഇടപെടൽ, ക്ഷേമപെൻഷൻ മുടങ്ങാതെ വിതരണം ചെയ്യാനുള്ള നടപടി, ആശാ-അങ്കണവാടി പ്രവർത്തകരുടെ വേതന വർധന, കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാൻ, സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കൽ തുടങ്ങിയവ സർക്കാരിന്റെ നേട്ടങ്ങളായി വിലയിരുത്തപ്പെടുന്നു.
അതേസമയം ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുന്നതിലെ കാലതാമസം, സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശിക, പങ്കാളിത്ത പെൻഷൻ സംബന്ധിച്ച അനിശ്ചിതത്വം, ബോർഡുകളിലും കോർപറേഷനുകളിലും നിയമനങ്ങൾ വൈകുന്നത്, ചില മന്ത്രിമാരുടെ വിവാദ പ്രസ്താവനകൾ തുടങ്ങിയവ സർക്കാരിന്റെ പോരായ്മകളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രളയകാലത്തെ ഇടപെടലും വിമർശനവും
സർക്കാർ അധികാരത്തിലെത്തി ആദ്യ 100 ദിവസത്തിനിടെ സംസ്ഥാനത്ത് ശക്തമായ മഴയും പ്രളയസാഹചര്യങ്ങളും ഉണ്ടായതും ഭരണത്തിന്റെ പ്രതികരണശേഷിക്ക് പരീക്ഷണമായി. ദുരന്തസാഹചര്യങ്ങളിൽ മുന്നൊരുക്കവും പ്രതികരണ വേഗവും പ്രതീക്ഷിച്ച നിലവാരത്തിലായിരുന്നില്ലെന്ന വിമർശനവും ഉയർന്നു. അതേസമയം സർക്കാർ അടിയന്തര യോഗങ്ങൾ വിളിക്കുകയും ദുരന്തബാധിത മേഖലകളിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തതായി വിശദീകരിച്ചു.
കേന്ദ്രവുമായി ഏറ്റുമുട്ടലില്ലാത്ത സമീപനം
മുൻ സർക്കാരിന്റെ കാലത്ത് കേന്ദ്രസർക്കാരുമായും ഗവർണറുമായും ഉണ്ടായിരുന്ന നിരന്തര ഏറ്റുമുട്ടലുകളിൽ നിന്ന് വ്യത്യസ്തമായ സമീപനമാണ് പുതിയ സർക്കാർ സ്വീകരിക്കുന്നതെന്നും വിലയിരുത്തലുണ്ട്. കേന്ദ്രവുമായി ഏറ്റുമുട്ടൽ ഒഴിവാക്കി വികസനത്തിനും നിക്ഷേപത്തിനും മുൻഗണന നൽകുക എന്നതാണ് സർക്കാരിന്റെ സമീപനമെന്നാണ് വിലയിരുത്തൽ. എന്നാൽ പ്രതിപക്ഷത്തായിരുന്നപ്പോൾ സ്വീകരിച്ച ചില നിലപാടുകളിൽ നിന്ന് ഭരണത്തിലെത്തിയശേഷമുള്ള മാറ്റം വിശദീകരിക്കേണ്ട സാഹചര്യമുണ്ടെന്നും രാഷ്ട്രീയ നിരീക്ഷണങ്ങളുണ്ട്.
ഇനി മുന്നിലുള്ളത് വലിയ പരീക്ഷണം
100 ദിവസം ഒരു സർക്കാരിന്റെ പൂർണമായ പ്രകടനം വിലയിരുത്താനുള്ള കാലയളവല്ലെങ്കിലും, ഭരണത്തിന്റെ ദിശ വ്യക്തമാകുന്ന ഘട്ടമാണ്. ആദ്യഘട്ടത്തിൽ ഉയർന്ന വിവാദങ്ങൾ കൂടുതൽ ശക്തമാകാതിരിക്കുകയും പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യുക എന്നതാണ് സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.
ഹെലികോപ്റ്റർ യാത്രയും ബന്ധുനിയമനവും പോലുള്ള വിവാദങ്ങൾ സർക്കാരിന്റെ സുതാര്യതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയ സാഹചര്യത്തിൽ, തുടർന്നുള്ള ഭരണത്തിൽ ഇത്തരം ആരോപണങ്ങൾ ഒഴിവാക്കാൻ കൂടുതൽ വ്യക്തതയും ഉത്തരവാദിത്തവും ഉറപ്പാക്കേണ്ടതുണ്ട്.
ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കുക, സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുക, നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കുക, പ്രതിപക്ഷ വിമർശനങ്ങളെ രാഷ്ട്രീയമായി നേരിടുക—ഇവയാകും വി.ഡി. സതീശൻ സർക്കാരിന്റെ അടുത്ത ഘട്ടത്തിലെ പ്രധാന പരീക്ഷണങ്ങൾ.